പീഡനപരാതി: നടൻ വിജയ് ബാബു വിദേശത്തേക്ക് കടന്നു
April 27 | 03:28 PM
കൊച്ചി: യുവ നടിയുടെ പീഡന പരാതിക്ക് പിന്നാലെ നടൻ വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്ന് പോലീസ്. എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ വൈ. നിസാമുദ്ദീന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അറസ്റ്റ് ഉറപ്പാണെന്ന് ബോധ്യമായതോടെയാണ് നടൻ വിദേശത്തേക്ക് മുങ്ങിയത്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിനിയായ നടിയുടെ പരാതി. ഏപ്രിൽ 22-നാണ് നടി പരാതി നൽകിയത്. പിന്നാലെ വിജയ് ബാബുവിനെതിരെ ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഇതിനിടെ സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി വിശദീകരണം നൽകി. ഇതിനിടെയാണ് താനാണ് ഇരയെന്നും വ്യക്തമാക്കി പരാതിക്കാരിയുടെ പേര് ബോധപൂർവം വെളിപ്പെടുത്തിയത്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും ഇതില്‍ ഇര ശരിക്കും താനാണെന്നും വിജയ് ബാബു ലൈവില്‍ വ്യക്തമാക്കിയിരുന്നു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദു:ഖം അനുഭവിക്കുമ്പോള്‍ എതിര് കക്ഷി സുഖമായിരിക്കുകയാണെന്നും വിജയ് ബാബു വെളിപ്പെടുത്തി.