ഇന്ത്യൻ രാഷ്ട്രീയത്തിൽ എവിടെ നിൽക്കുന്നുവെന്ന് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് യെച്ചൂരി
April 10 | 09:03 PM
കണ്ണൂർ: ബിജെപിയും ആർഎസ്എസും നയിക്കുന്ന ഫാസിസ്റ്റ് സർക്കാരിനെ എതിർക്കുക എന്നതാണ് സിപിഎമ്മിൻ്റെ മുഖ്യലക്ഷ്യമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണൂർ വിപ്ലവ രക്തസാക്ഷികളുടെ മണ്ണാണ്. ഇവിടെ നടന്ന പാർട്ടി കോൺഗ്രസിൽ എല്ലാം ഒറ്റക്കെട്ടായിട്ടാണ് തീരുമാനിച്ചത്. കേരളത്തിൽ മാത്രം ഒതുങ്ങുന്ന പാർട്ടി എന്ന് പ്രധാനമന്ത്രി പറയാറുണ്ട് എന്നാൽ ഇടതുപക്ഷത്തിൻ്റെ ശക്തി ഇല്ലാതാക്കാൻ ആവില്ല എന്ന് അദ്ദേഹത്തിന് അറിയാം. ഈ പാർട്ടിയെ ഇല്ലാതാക്കാം എന്ന് കരുതേണ്ട, ചെങ്കൊടി യുടെ ചരിത്രം ഓർക്കുക.
സിപിഎമ്മിന്റെ ശക്തിയെ അവർ ഭയക്കുന്നു. സിപിഎമ്മിനെ ദുർബലപ്പെടുത്താനാകില്ലെന്ന് ചരിത്രം പഠിച്ചാൽ അറിയാം. ഇത്തരം ഫാസിസത്തെ അവസാനിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഇടത് പക്ഷത്തിൻ്റെ ശക്തി വർദ്ധിപ്പിക്കുകയെന്നതാണ് പ്രധാന അജണ്ട. ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ ഐക്യവും ശക്തിപ്പെടുത്തണം. എല്ലാ മതനിരപേക്ഷ ശക്തികളയും ഒന്നിപ്പിക്കും. ഹിന്ദുത്വ ശക്തിയെ എതിർക്കാൻ എല്ലാ ജനാധിപത്യ ശക്തികളെയും ഒരുമിപ്പിക്കണം. അതിന് സിപിഎം മുൻകൈയ്യെടുക്കും.
എന്നാലും സെമിനാർ വിളിച്ചാൽ പോലും വരില്ല എന്നതാണ് ചിലരുടെ നിലപാട്. അപ്പോൾ പിന്നെ എങ്ങനെ മതനിരപേക്ഷ ശക്തികൾ ഒന്നിക്കും. മാത്രമല്ല സെമിനാറിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ നടപടി എടുക്കുകായും ചെയ്യുന്നു. മതനിരപേക്ഷ പാർട്ടി എന്ന പറച്ചിൽ മാത്രമാണ് അവർക്കുള്ളത്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എവിടെ നിൽക്കുന്നുവെന്ന് കോൺഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപെട്ടു.
ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന് ആഭ്യന്തര മന്ത്രി പറയുന്നു. ഭാഷ അടിസ്ഥാനത്തിൽ രൂപീകരിച്ച രാജ്യമാണ് ഇന്ത്യ. ഇത് ഫെഡറലിസത്തിന് വെല്ലുവിളിയാണ്. മനുഷ്യരെ മനുഷ്യരായി കാണുന്ന ഒരേഒരു സംസ്ഥാനമാണ് കേരളം. സൗഹാർദ്ദ അന്തരീക്ഷം ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. കേരള മോഡൽ രാജ്യത്ത് ഒട്ടാകെ വരേണ്ടതായിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ആളുകളെ കാണുന്നില്ല. കേരളം നല്ല ഇന്ത്യക്ക് വഴി തെളിക്കുമെന്നും സീതാറാം യെച്ചൂരി ചൂടിക്കാട്ടി.