നവകേരളം കർമ്മ പദ്ധതി മാർഗരേഖ പ്രകാശനം ചെയ്തു
April 5 | 08:15 AM
നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ മാർഗരേഖ പ്രകാശനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ ശ്രീധരന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം, ജലസംരക്ഷണം, മാലിന്യസംസ്കരണം, പരിസ്ഥിതി സംരംക്ഷണം തുടങ്ങിയവയിലൂടെ നവകേരളം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിൽ സമ്പൂർണ ജല ശുചിത്വത്തിനായി 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിൻ സംഘടിപ്പിക്കും. ശാസ്ത്രീയ ദ്രവ മാലിന്യ നിർമ്മാർജനത്തിലൂടെ മുഴുവൻ ജലാശയങ്ങളും മാലിന്യമുക്തമാക്കാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ഡോ. വി ശിവദാസൻ എം പി, മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ജില്ല കലക്ടർ എസ് ചന്ദ്രശേഖർ, പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.