പാഴ്വസ്തുക്കളിൽ നിന്ന് ഉൽപന്നം; സംരംഭ സംഗമം 11ന്
April 8 | 07:26 PM
പാഴ്വസ്തുക്കളിൽ നിന്നും ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും ഉൽപാദിപ്പിക്കാൻ താൽപര്യമുള്ള സംരംഭകരുടെ ക്യാമ്പയിൻ രണ്ടാംഘട്ടത്തിലേക്ക്. ക്യാമ്പയിനിൽ രജിസ്റ്റർ ചെയ്തവരുടെ ജില്ലാതല സംഗമം ഏപ്രിൽ 11ന് വൈകിട്ട് മൂന്നിന് കണ്ണൂർ കലക്ടറേറ്റിൽ നടക്കും. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും നേതൃത്വം നൽകുന്ന ക്യാമ്പയിനിൽ ഒന്നാംഘട്ടം പൂർത്തീകരിച്ചവർക്കുള്ള മാർഗദർശക പരിപാടിയാണ് സംഗമം. ജില്ലാ കലക്ടർ, ധനകാര്യ സ്ഥാപന മേധാവികൾ, സാങ്കേതിക വിദഗ്ധർ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ നേതൃത്വം നൽകും. പാഴ്വസ്തുക്കളിൽ നിന്ന് ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും ഉൽപാദിപ്പിക്കുന്നതിന് താൽപര്യമുള്ളവരെ കണ്ടെത്തി പരിശീലനവും സംരംഭകത്വ പിന്തുണയും നൽകുന്ന ക്യാമ്പയിനാണ് ആരംഭിക്കുന്നത്.
ജില്ലയിലെ എഞ്ചിനീയറിങ്ങ് കോളേജുകൾ, ഐടിഐകൾ, പോളിടെക്നിക്കുകൾ എൻടിടിഎഫ് തലശേരി തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്. ആവശ്യമായവർക്ക് പരിശീലനം നൽകും. ധനകാര്യ സ്ഥാപനങ്ങൾ മുഖാന്തിരം വായ്പയും ലഭ്യമാക്കും. പരിശീലനം ലഭിച്ചവർ നിർമിക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശനം മെയ് മാസത്തിൽ മട്ടന്നൂരിൽ നടക്കും. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്ന ലക്ഷ്യത്തോടെ സംരംഭക സംഗമം സംഘടിപ്പിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമായാണ്.