ശ്രീനിവാസന്റെ കൊലപാതകം: പ്രതികളെ കുറിച്ച് സൂചന ലഭിച്ചു, 10 പേർ കസ്റ്റഡിയിൽ
April 17 | 12:46 PM
പാലക്കാട്: ഇന്നലെ കൊല്ലപ്പെട്ട ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലയാളി സംഘത്തെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചു. കൊലയാളികൾ സഞ്ചരിച്ച മൂന്നു ബൈക്കുകളിൽ ഒന്നിന്റെ നമ്പർ കിട്ടി. കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തിൽ പത്ത് എസ് ഡി പി ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം നടപടികൾ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ ആരംഭിക്കും.11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗർ സ്കൂളിലെത്തിക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശാനത്തിൽ സംസ്കരിക്കും.
അഡീഷണൽ ഡിജിപി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാൽ കടുത്ത പോലീസ് വിന്യാസമാണ് പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.