സുബൈര്‍ വധം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍, അന്വേഷണം തമിഴ്നാട്ടിലേക്ക്
April 16 | 11:53 AM
പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. കൊലപാതകം ആസൂത്രിതമാണ്. എഫ്ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം സംഘം കാറുമായി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് സൂചന ലഭിക്കുന്ന സിസിടിവി ദൃശ്യങ്ങളും, ദൃക്സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ സംഘമാണ് കടന്നത് എന്നാണ് വിവരം.