സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണം; ഡി.ആര് അനിലിനെതിരെ ബിജെപി പ്രതിഷേധ മാർച്ച്
December 19 | 07:22 PM
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് കൗണ്‍സിലര്‍ ഡി.ആര് അനില്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഡി.ആര് അനില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച്. മാര്‍ച്ചില്‍ ഇ.കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. കെട്ടിടത്തിലേക്ക് പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. എന്നാല്‍ തന്റെ ഓഫീസ് അല്ല ഇതെന്ന് ഡി.ആര് അനില്‍ പ്രതികരിച്ചു.
തുടര്‍ന്ന് 20ലധികം ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പൊലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളും ഉണ്ടായി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സില്‍ യോഗത്തില്‍, കൗണ്‍സിലര്‍ ഡി ആര് അനില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കാണിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതരായാണ് ഇന്ന് ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.