'കണ്ണൂരിലെ ഗുണ്ടാസംഘങ്ങളുമായുള്ള സിപിഐ(എം) നേതൃത്വത്തിന്റെ ബന്ധം അന്വേഷിക്കണം'; അടിയന്തര പ്രമേയവുമായി പ്രതിപക്ഷം
March 3 | 12:12 PM
തിരുവനന്തപുരം: കണ്ണൂരിലെ ഗുണ്ടാ സംഘങ്ങളുമായുളള സിപിഐ(എം) നേതൃത്വത്തിന്റെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. ടി സിദ്ദീഖ് എംഎൽഎ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഷുഹൈബ് വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തുടരന്വേഷണത്തിന് തയ്യാറാകാത്ത സർക്കാർ നടപടി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ആകാശ് തില്ലങ്കേരി നടത്തിയ ആരോപണങ്ങൾ ഉൾപ്പെടെയുളള വിഷയങ്ങളാകും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുക. കഴിഞ്ഞ രണ്ടു ദിവസവും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണ അനുമതി നിഷേധിച്ചിരുന്നു.
ഷുഹൈബിന്റെ കൊലപാതകം പാർട്ടി നേതാക്കൾ പറഞ്ഞിട്ട് നടത്തിയതാണെന്ന് ആകാശ് തില്ലങ്കേരി പറഞ്ഞിരുന്നു. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് പലതും ചെയ്യിച്ചത്. ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണസ്ഥാപനങ്ങളില്‍ ജോലി നല്കി. കേസ് വന്നാല്‍ തിരിഞ്ഞ് നോക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി.