എലത്തൂർ ട്രെയിൻ ആക്രമണം: സംസ്ഥാനത്താകെ പൊലീസ് പരിശോധനയ്ക്ക് നിർദേശം
April 4 | 08:03 AM
കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ പൊലീസ് പരിശോധനയ്ക്ക് നിർദേശം. എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും പരിശോധന നടത്താൻ നിർദേശം നൽകി. റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ്,ഹോട്ടലുകൾ, ഇതര സംസ്ഥാനക്കാരുടെ ക്യാമ്പുകളിലടക്കം പരിശോധന നടത്താനാണ് നിർദേശം. സംശയാസ്പദമായി കണ്ടെത്തുന്നവരെ കസ്റ്റഡിയിൽ എടുക്കാനും നിർദേശിച്ചു. സംസ്ഥാന അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനും അറിയിപ്പ് നൽകി.
അതേസമയം എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അംഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജ്, താനൂർ ഡിവൈഎസ്പി ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്.
ഇത് കൂടാതെ റെയിൽവേ ഇൻസ്പെക്ടർമാർ, ലോക്കൽ സബ് ഇൻസ്പെക്ടർമാർ എന്നിവരെയെല്ലാം ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.