ഇടുക്കിയിൽ അസാധാരണ നിലയിലുള്ള കാട്ടാന ആക്രമണം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകുമെന്ന് വനംമന്ത്രി
January 31 | 09:42 PM
ഇടുക്കി: പത്തു ദിവസമായി ഇടുക്കിയിൽ അസാധാരണമായ നിലയിൽ കാട്ടാനകളുടെ ആക്രമണമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് ഗാർഡ് ശക്തിവേലിന്റെ അവിവാഹിതയായ മകൾക്ക് ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കട കാട്ടാന തകർത്ത സാഹചര്യത്തിൽ വീടുകളിൽ റേഷൻ എത്തിക്കാൻ ശ്രമിക്കുമെന്നും ഇതിനായി നാളെ ജനപ്രതിനിധികളുടെ യോഗം ഇടുക്കി ജില്ലാ കളക്ടർ വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട് വനം മന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. ശക്തിവേലിന്റെ മകൾക്ക് ജോലി നൽകുന്നതിന് പുറമെ ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ നിരീക്ഷിച്ച ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നുള്ള സംഘം ഇടുക്കിയിലെത്തുമെന്നും മന്ത്രി പറഞ്ഞു. ശക്തിവേലിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെങ്കിൽ, കുറ്റക്കാർക്കെതിരെ നടപടി എടുക്കും. സോളാർ ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ ഉടൻ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.