ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല: ആരോഗ്യമന്ത്രി
February 6 | 09:38 PM
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡയറി വികസനം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍, പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയ്ക്കും പങ്കുണ്ട്. അവരവരുടെ പ്രദേശത്ത് മികച്ച പ്രകടനം നടത്തുകയും മികവ് പുലര്‍ത്തുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 4.20 ലക്ഷം പേര് ഭക്ഷ്യജന്യ രോഗങ്ങള്‍ മൂലം മരണമടയുന്നു. പത്തിലൊരാള്‍ക്ക് ആഗോളതലത്തില്‍ ഭക്ഷ്യജന്യരോഗം ബാധിക്കുന്നുമുണ്ട്. ഇത് ഏതൊരു രാജ്യത്തിനും വെല്ലുവിളിയും ഭീഷണിയുമാണ്. ഭക്ഷണത്തിന്റെ തെറ്റായ തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ ഉപഭോഗം, രോഗാണുക്കള്‍ കലര്‍ന്ന ഭക്ഷണം, കീടനാശിനി അവശിഷ്ടങ്ങള്‍ തുടങ്ങിയവ കാരണം അനേകം സാംക്രമിക രോഗങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. മനുഷ്യരാശിയുടെ ആരോഗ്യകരമായ നിലനില്‍പ്പിന് ഭക്ഷ്യ സുരക്ഷ അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി.