ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ 30 വരെ; രണ്ടാം വർഷപരീക്ഷ എഴുതുന്നത് 4.42 ലക്ഷം വിദ്യാർത്ഥികൾ
March 4 | 03:24 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 10ന് തുടങ്ങി 30ന് അവസാനിക്കും. പരീക്ഷകളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 4.42 ലക്ഷം വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്. 2023 പരീക്ഷാ കേന്ദ്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി ടോൾ ഫ്രീ നമ്പർ തുടങ്ങിയതായും മന്ത്രി അറിയിച്ചു. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 30 ന് അവസാനിക്കും.
ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്.
പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾക്ക് പിന്തുണ നൽകാൻ ഒരു പ്രത്യേക പരിപാടി ആലോചിക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിദഗ്ധർ, തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന, അവരുമായി ആശയ വിനിമയം നടത്തുന്ന പരിപാടി ചിത്രീകരിക്കാൻ ആലോചിക്കുന്നുണ്ട്. അത് ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും.