ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇ-മെയിലിലൂടെ വധഭീഷണി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
February 16 | 12:54 PM
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇ-മെയിലിലൂടെ വധഭീഷണി സന്ദേശം അയച്ചയാളെ അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. പത്ത് ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. ഗവര്‍ണറുടെ ഓഫീസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ പോലീസ് അന്വേഷണം പ്രതിയെ പിടികൂടുകയായിരുന്നു.
ഇ-മെയിൽ സന്ദേശമെത്തിയതിന്റെ ഉറവിടം കോഴിക്കോട് നിന്നാണെന്ന വിവരം സൈബർ പൊലീസ് ലോക്കൽ പൊലീസിന് കൈമാറി. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ അറസ്റ്റിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.