ഹാലോവിന് പാര്‍ട്ടിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് 151 പേര്‍ക്ക് ദാരുണാന്ത്യം
October 30 | 02:21 PM
സോൾ: ദക്ഷിണ കൊറിയയില്‍ തലസ്ഥാന നഗരമായ സോളില്‍ ഹാലോവിന് പാര്‍ട്ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 151 ലേക്ക് ഉയര്‍ന്നു. നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ 19 പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഏറെയും ചെറുപ്പക്കാരാണ്.
ഒരു ലക്ഷത്തോളം പേരായിരുന്നു തലസ്ഥാന നഗരമായ സോളില്‍ തടിച്ചുകൂടിയിരുന്നത്. സോളിലെ ഇറ്റാവോണ്‍ ജില്ലയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് ദുരന്തത്തിന് കാരണമായ അപകടമുണ്ടായത്. ഹാമില്ട്ടന് ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തില്‍പെട്ടത്. ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്തെ ഒരു ഹോട്ടലിലേക്ക് ഒരു പ്രമുഖ വ്യക്തിയെത്തിയതോടെ, ആളുകള്‍ തള്ളിക്കയറിയെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.