ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 18 പേർക്ക് പരിക്ക്
November 19 | 10:59 AM
പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം. ആന്ധ്രപ്രദേശിൽ നിന്ന് എത്തിയ തീർത്ഥാടക സംഘമാണ് പത്തനംതിട്ട ളാഹയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. വാഹനത്തിന് അടിയിൽ മൂന്നു പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.
ളാഹ വിളക്കുനഞ്ചിയിൽ വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വളവ് തിരിയുന്ന സമയത്ത് വാഹനം മറിയുകയായിരുന്നു. 40 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് വാഹനത്തിൽ പത്ത് പേരോളം കുടുങ്ങിക്കിടന്നിരുന്നു. ഇതിൽ ഏഴു പേരെ നാട്ടുകാർ പുറത്തെടുത്തു. മൂന്നു പേർ വാഹനത്തിന് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.