അടുത്ത ബന്ധുവിനെ കാണാൻ പോയി വീട്ടിൽ തിരിച്ചെത്തിയ പാച്ചേനിക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടായി
October 28 | 05:29 AM
കണ്ണൂർ: കണ്ണൂർ പള്ളിക്കുന്നിലെ വാടകവീട്ടിൽ സതീശൻ പാച്ചേനി തളർന്നുവീണത് കഴിഞ്ഞ 19-ന് രാത്രി 11-നായിരുന്നു. അസുഖം കാരണം തളർന്നുപോയ അടുത്ത ബന്ധുവിനെ കാണാൻ പോയി വീട്ടിൽ തിരിച്ചെത്തിയ പാച്ചേനി ഭക്ഷണം കഴിച്ച് കിടന്നശേഷം വല്ലാത്ത അസ്വസ്ഥതയുണ്ടായി. ഉടൻ തലകറക്കവും തുടർന്ന് ഛർദ്ദിയുമുണ്ടായി. അപ്പോഴേക്കും തളർന്ന് അവശനായി. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയം അബോധാവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അതിഗുരുതരമായ മസ്തിഷ്കാഘാതമാണെന്ന് മനസ്സിലായത്. വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നു. സ്ഥിതി വളരെ അപകടകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നീട് വെന്റിലേറ്ററിൽനിന്ന് മാറ്റിയെങ്കിലും വീണ്ടും വെന്റിലേറ്റർ ഉപയോഗിക്കേണ്ടിവന്നു. ചൊവ്വാഴ്ച സ്ഥിതി വീണ്ടും വഷളായി. ബുധനാഴ്ചയോടെ തലച്ചോറിന്റെ വലിയ ഭാഗത്തിന്റെ പ്രവർത്തനവും നിലച്ചു. വ്യാഴാഴ്ച പതിനൊന്നരയോടെ സതീശൻ പാച്ചേനി അന്തരിച്ചു.