ആരോഗ്യമന്ത്രിയുടെ വീട്ടിൽ റീത്തുവച്ച പ്രതിഷേധം നടത്തിയ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
February 21 | 05:48 PM
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വീട്ടിൽ കയറി റീത്തുവച്ച പ്രതിഷേധം നടത്തിയ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ജില്ലാ പ്രസിഡന്റ് നേമം ഷജീർ ആണ് ഒന്നാം പ്രതി. കലാപശ്രമത്തിനും അതിക്രമിച്ചുകയറിയതിനുമാണ് കേസ് ചുമത്തിയിട്ടുള്ളത്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും മന്ത്രി മന്ദിരത്തിന്റെ ഗേറ്റും ലോക്കും തല്ലിത്തകർത്തുവെന്നും പൊലീസ് പറയുന്നു. 28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ഐആർ. വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിലാണ് യൂത്ത് കോൺഗ്രസിന്റെ കടുത്ത പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോര്‍ജിന്റെ വീടിന് മുന്നില്‍ പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ വീടിന്റെ അകത്ത് കടന്നു വാതിലില്‍ റീത്ത് വെച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി. അതേമയം കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച തോടെ പോലീസുകാരും പ്രവർത്തകരും തമ്മിൽ കുറച്ചു നേരം വാക്കേറ്റവും ഉന്തു തള്ളുമുണ്ടായി.