പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെഎസ്ആർടിസിക്ക് നിർദേശം നൽകിയെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാക്കുകൾ സഭയിൽ വച്ചുതന്നെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
February 4 | 04:30 PM
തിരുവനന്തപുരം: പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെഎസ്ആർടിസിക്ക് നിർദേശം നൽകിയെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാക്കുകൾ സഭയിൽ വച്ചുതന്നെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി നഷ്ടത്തിൽ പോയതിന്റെ ഒരു കാരണം താൻ പരസ്യമാക്കാം എന്നുപറഞ്ഞായിരുന്നു മന്ത്രി ഗണേഷ് കുമാർ പ്രസംഗം ആരംഭിച്ചത്. പ്രൈവറ്റ് ബസിന്റെ മുന്നിൽ കയറി ഓടുന്ന പതിവ് മുൻപ് കെഎസ്ആർടിസിക്കുണ്ടായിരുന്നു. എന്നാൽ പുതിയ ബസ് ഉപയോഗിക്കുന്ന പ്രൈവറ്റുകാർ പലപ്പോഴും മത്സരഓട്ടം നടത്തി. സുരക്ഷ കണക്കിലെടുത്ത് കെഎസ്ആർടിസി ഡ്രൈവർമാർ ഇതിനു തയാറായില്ല. ഗണേഷ് കുമാർ പ്രസംഗിച്ചതിനു പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പറഞ്ഞതിനെ തിരുത്തി. പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്തു കെഎസ്ആർടിസി ഓടാതിരിക്കുക, അതൊരു നയമായി മന്ത്രി പറയുന്നത് പോലെ തോന്നി. അങ്ങനെ വന്നാൽ വലിയ പ്രയാസങ്ങളുണ്ടാക്കും. അതൊഴിവാക്കേണ്ടതാണ്. കേരളത്തിൽ ധാരാളം പ്രൈവറ്റ് ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഓടുന്നുണ്ട്. ഇവിടെനിന്നെല്ലാം കെഎസ്ആർടിസിയെ പിൻവലിക്കാനാവില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഗതാഗത മന്ത്രിയെ തിരുത്തിയത്. ഇതിനെ തുടർന്ന് പ്രൈവറ്റ് ബസുമായി അനാവശ്യ മത്സരമില്ലെന്നാണ് താൻ പറഞ്ഞതെന്നും എല്ലാ സ്ഥലത്തും മാറിക്കൊടുക്കും എന്നല്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് ബസുകളോടു മത്സരിച്ചാണ് കെഎസ്ആർടിസി മുന്നേറുന്നത്. ബെംഗളൂരു റൂട്ടിൽ പ്രൈവറ്റ് ബസുകൾ നേടുന്നതിനെക്കാളും വരുമാനം കെഎസ്ആർടിസിക്കുണ്ട്. ഒരു കാരണവശാലും പ്രൈവറ്റ് ബസുകൾക്കായി മാറിക്കൊടുക്കലല്ല കെഎസ്ആർടിസിയുടെ നയമെന്നും മന്ത്രി പറഞ്ഞു.