പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ പരസ്യപ്പോര്
January 27 | 06:36 PM
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ പരസ്യപ്പോര്. വിഡ്ഢിത്തം മാത്രം പറയുന്ന ആളെന്നും അണ്ടർവെയർ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ചയാളെന്നും പറഞ്ഞുകൊണ്ട് ശിവൻകുട്ടിക്കെതിരെ സതീശനാണ് ആദ്യം രംഗത്തു വന്നത്. സതീശന്റേത് തരംതാണ പദപ്രയോഗങ്ങളാണെന്നും അണികളെ ആവേശഭരിതരാക്കാൻ അച്ഛന്റെ പ്രായമുള്ളവരെ പോലും അദ്ദേഹം ധിക്കാരത്തോടെ അധിക്ഷേപിക്കുകയാണെന്നും ശിവൻകുട്ടി തിരിച്ചടിച്ചു. മുഖ്യമന്ത്രിക്ക് എതിരെ പോലും നിയമസഭയിൽ വളരെ മോശം വാക്കുകളാണ് പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നത്. 'ഞാൻ പേടിച്ചു പോയി' എന്ന ബോർഡ് സതീശന്റെ ഫോട്ടോയ്ക്കൊപ്പം പലയിടത്തും സ്ഥാപിച്ചു കണ്ടു. തങ്ങളുടെ മാന്യത കൊണ്ടാണ് തിരിച്ചു പ്രതികരിക്കാത്തതെന്നും തങ്ങൾ തിരിച്ചടിച്ചാൽ സതീശൻ പേടിക്കുക മാത്രമല്ല, പേടിച്ച് മൂത്രമൊഴിച്ചു പോവുമെന്നും മന്ത്രി പരിഹസിച്ചു. അണ്ടർവെയർ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ച ആളാണെന്ന പരാമർശനത്തിനും ശിവൻകുട്ടി മറുപടി നൽകി. എന്ത് ചോദിച്ചാലും സഭയിലെ കയ്യാങ്കളിയെ കുറിച്ച് മാത്രമാണ് സതീശന് പറയാനുള്ളതെന്നായിരുന്നു ശിവൻകുട്ടി പറഞ്ഞത്.
തന്നെ 'സംഘിക്കുട്ടി' എന്ന് വിളിച്ച സതീശന്റെ നടപടി വ്യക്തിഹത്യയാണെന്ന് ശിവൻകുട്ടി പറഞ്ഞു. താൻ ആർ എസ് എസിനെതിരെ നെഞ്ചുവിരിച്ചു പോരാടുമ്പോൾ സതീശൻ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് ശിവൻകുട്ടിയല്ല, അത് 'വിനായക് ദാമോദർ സതീശൻ' ആണെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസിന് ഞാൻ സഹായം ചെയ്യുമെന്ന് പറഞ്ഞാൽ കേരളത്തിൽ ആരെങ്കിലും വിശ്വസിക്കുമോ എന്നും മന്ത്രി ചോദിച്ചു. കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശനെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.