സ്വന്തം രാജ്യത്തെ ആരാധകർക്ക് മുന്നിൽ വികാരമടക്കാനാവാതെ പൊട്ടിക്കരഞ്ഞ് ലയണൽ മെസ്സി
April 1 | 01:44 PM
ബ്യുണസ് എറീസ്: സ്വന്തം രാജ്യത്തെ ആരാധകർക്ക് മുന്നിൽ അവസാന മത്സരത്തിനായി ബൂട്ടുകെട്ടിയ ഇതിഹാസതാരം ലയണൽ മെസ്സി, വികാരമടക്കാനാവാതെ പൊട്ടിക്കരഞ്ഞു. ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ കണ്ണ് നിറച്ച നിമിഷങ്ങളായിരുന്നു അർജന്റീനയിലെ ലാ ബോംബോനെറ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സാംബിയക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിക്കുമ്പോഴാണ് മുപ്പത്തിയെട്ടുകാരനായ മെസി വികാരാധീനനായത്. അർജന്റീന മണ്ണിൽ തങ്ങളുടെ പ്രിയപ്പെട്ട നായകൻ കളിക്കുന്ന അവസാന മത്സരമായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പായതോടെ സ്റ്റേഡിയം മുഴുവൻ മെസി ആരാധകരുടെ ആർപ്പ് വിളകളുയർന്നു. തനിക്ക് ലഭിച്ച സ്നേഹപ്രകടനങ്ങൾ കണ്ട് കണ്ണുനീർ തുടയ്ക്കുന്ന മെസിയുടെ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. ഗോളടിച്ചും സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിച്ചും ഗ്രൗണ്ടില്‍ തന്റെ മാസ്മരിക പ്രകടനങ്ങൾ കൊണ്ട് മെസി തിളങ്ങി. സാംബിയക്കെതിരായ മത്സരത്തിൽ അർജന്റീന എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ജയിച്ചപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമായാ മെസി തിളങ്ങി. നാലാം മിനിറ്റിൽ ജൂലിയൻ അൽവാരസിന് ഗോളിന് വഴിയൊരുക്കിയായിരുന്നു മെസി തുടക്കം കുറിച്ചത്. 43-ാം മിനിറ്റിലായിരുന്നു സ്റ്റേഡിയത്തെ ഇളക്കിമറിച്ചുകൊണ്ട് മെസി സ്വന്തം ഗോൾ കുറിച്ചത്. മെസിക്കും അൽവാരസിനും പുറമെ 50ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് നിക്കൊളാസ് ഒട്ടമെന്‍ഡിയും ഇഞ്ചുറി ടൈമില്‍ വാലന്റൈൻ ബാർക്കോയും അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടപ്പോള്‍ 68-ാം മിനിറ്റില്‍ ഡൊമനിക്ക് ചന്ദ നേടിയ സെല്‍ഫ് ഗോളും സാംബിയക്ക് കനത്ത ആഘാതമായി.