ബെംഗളൂരുവിൽ പുതുവത്സരാഘോഷത്തിന് എത്തിച്ച 6.31 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; വിദേശികളടക്കം അറസ്റ്റില്‍
January 1 | 06:41 AM
ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് നടത്തിയ റെയ്ഡില്‍ 6.31 കോടിയുടെ മയക്കുമരുന്ന് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടി. മൂന്നുകേസുകളിലായി എട്ടുപേരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ട് പേര് വിദേശികളാണ്. കൊത്തന്നൂര്‍, ഇലക്ട്രോണിക് സിറ്റി, ബാനസവാടി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്.എംഡിഎംഎ, ഹാഷിഷ് ഓയില്‍, ഉത്തേജക ഗുളികകള്‍, ചരസ്, കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. ആറുകോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളാണ് ഇത്. 2.3 കിലോ എംഡിഎംഎ, 250 ഉത്തേജക ഗുളികകള്‍, നാലു കിലോ ഹാഷിഷ് ഓയില്‍, 440 ഗ്രാം ചരസ്, 7.1 കിലോ കഞ്ചാവ് എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
പിടിയിലായ ആറു പേര് ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളാണ്. പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന പബ്ബുകളും ബാറുകളും കേന്ദ്രീകരിച്ച് വിതരണത്തിനെത്തിച്ച മയക്കുമരുന്നുകളാണ് പിടികൂടിയത്. ഡല്‍ഹി, ഹൈദരബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് നൈജീരിയന്‍ സ്വദേശികളാണ് ഇതിനുപിന്നിലെന്നാണ് പൊലീസിന്റെ സംശയം.