എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
March 11 | 05:43 PM
കൊച്ചി: കേരളത്തിൽ ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിന് മോദിയുടെ ഗ്യാരണ്ടിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ എൻഡിഎയ്ക്ക് അഞ്ചു വർഷം നിങ്ങളെ സേവിക്കാനുള്ള അവസരം നൽകണമെന്നും എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. അഴിമതി മാഫിയെയും ചുവപ്പുനാട മാഫിയെയും ഹർത്താൽ മാഫിയയെയും എൻഡിഎ അധികാരത്തിലെത്തിയാൽ തുടച്ചുനീക്കുമെന്നും മോദി പറഞ്ഞു. ജയ് കേരളം, ജയ് വികസിത കേരളം എന്ന മുദ്രാവാക്യം മുഴക്കിയാണ് മോദി പ്രസംഗം ആരംഭിച്ചത്. യു ഡി എഫും എൽഡിഎഫും രണ്ടല്ല ഒന്നാണ്. വികസിത കേരളം സൃഷ്ടിക്കാൻ എൻഡിഎയ്ക്ക് മാത്രമേ കഴിയുകയുള്ളു. കേരളത്തിന്റെ സ്വപ്നത്തിനും പാരമ്പര്യത്തിനുമുള്ള അംഗീകാരമാണ് കേരളം എന്ന പേര്. തൃശൂർ ജനതയും തിരുവനന്തപുരം ജനതയും എൻഡിഎയെ വിശ്വാസത്തിലെടുത്തു. ഇനി മുഴുവൻ കേരളവും എൻ ഡി എ യെ വിശ്വാസത്തിലെടുക്കാൻ പോവുകയാണ്. കോൺഗ്രസിന്റെ യുവാക്കൾക്ക് ഡ്രോൺ സാങ്കേതിക വിദ്യയിൽ ഇന്ത്യ എവിടെ എത്തിയെന്നു പോലും അറിയില്ല. കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ ഡ്രോൺ സാങ്കേതിക വിദ്യ വളരുന്നതിനെക്കുറിച്ച് അവർക്ക് അറിയില്ല. ശബരിമല സ്വര്‍ണക്കൊള്ളയിൽ രണ്ട് മുന്നണികളും പങ്കാളികളാണെന്ന് മോദി വിമര്‍ശിച്ചു. യുഡിഎഫ് കാലത്ത് സോളാർ അഴിമതിയായിരുന്നു ചർച്ചയെങ്കിൽ എൽഡിഎഫ് കാലത്ത് CMRL അഴിമതിയായിരുന്നു ചര്‍ച്ചയെന്നും മോദി പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുസ്ലിം ലീഗ് മാവോ കോൺഗ്രസായി കോൺഗ്രസ് മാറിയിരിക്കുന്നു. അധികാരം കിട്ടാൻ ജമാഅത്തെ ഇസ്ലാമിയുമായി വരെ കൂട്ടു ചേരുന്നുവെന്നും മോദി വിമര്‍ശിച്ചു.