റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
February 24 | 03:38 PM
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സമീപത്തുനിന്ന് കണ്ടെത്തിയ ഫോണിലെ സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തി. അതേസമയം കൊല്ലപ്പെട്ടത് ഇവർ തന്നെയാണോ എന്ന് ഉറപ്പായിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്. ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം ട്രാക്കിനടുത്ത് കിടക്കുന്നതായി കണ്ടെന്ന് ലോക്കോ പൈലറ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുന്നത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ട്രെയിനിൽ നിന്ന് വീണുള്ള മരണമല്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സ്ത്രീയുടെ മുഖത്തും ശരീരത്തിലും മുറിവുകളും പാടുകളുമുണ്ട്. ഉപയോഗ ശൂന്യമായി കിടക്കുന്ന കോട്ടയം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.