അർജന്റീനയെ വിറപ്പിച്ച് സൗദി അറേബ്യ: ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സൗദിയുടെ വിജയം
November 22 | 04:07 PM
ദോഹ: ലോകകപ്പ് ഗ്രൂപ്പിൽ അർജന്റീനയ്ക്കെതിരെ അട്ടിമറി വിജയവുമായി സൗദി അറേബ്യ. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 2- 1 ന് മുന്നിലെത്തിയ സൗദി അർജന്റീനയെ വിറപ്പിച്ചു. സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവരാണ് സൗദിക്കായി മിന്നും ഗോളുകൾ നേടിയത്. പത്താം മിനിറ്റിൽ ലയണൽ മെസിയാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. സൗദി അറേബ്യക്കെതിരെ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു. ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ നാല് തവണ പന്ത് എത്തിച്ചെങ്കിലും എല്ലാം ഓഫ് സൈഡ് വിളിച്ചു. സൗദി അറേബ്യയുടെ ഗോളിയുടെ പ്രകടനവും പ്രതിരോധ നിരയും അർജൻറീനയുടെ മുന്നേറ്റം തടയപ്പെട്ടു. അവസാന നിമിഷം ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാതെ അർജൻറീന തോറ്റു പിൻ വാങ്ങി.