പിണറായി വിജയൻ അവസരവാദത്തിന്റെ ആൾരൂപമായി മാറിയെന്ന് വി.ഡി. സതീശൻ, എന്നും വർഗീയ കക്ഷികളുമായി കൂട്ട്കെട്ട്
March 31 | 04:39 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അവസരവാദത്തിന്റെ ആൾരൂപമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് വിജയത്തിനായി എസ്ഡിപിഐയുമായും പിഡിപിയുമായും ആർഎസ്എസ്സുമായും മുഖ്യമന്ത്രി കൂട്ടുകൂടും. എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോൾ പിണറായി വിജയൻ ആദ്യം ചെയ്യേണ്ടത്, എസ്ഡിപിഐക്കാർ കൊന്ന അഭിമന്യുവിന്റെ വീട്ടിൽ പോയി അവരുടെ മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് ചോദിക്കുകയാണ്. എസ്ഡിപിഐ പിന്തുണ നൽകിയാൽ എന്തിനാണ് അത് വേണ്ടെന്ന് പറയണമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ കൊടുത്തപ്പോൾ ഇതല്ലല്ലോ അദ്ദേഹം പറഞ്ഞത്. യുഡിഎഫിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി ഭയങ്കര വർഗീയവാദികളാണ്. ഭയങ്കര പ്രശ്നമാണ്. നാൽപ്പത് കൊല്ലം അവരെ തോളത്തുവെച്ചുകൊണ്ടുനടന്നപ്പോൾ മതേതരവാദികളും ഞങ്ങൾക്ക് പിന്തുണ കൊടുത്തപ്പോൾ വർഗീയവാദികളുമാക്കി മാറ്റി. ആർഎസ്എസ്സുമായി ചിലസമയത്ത് കൂടും, ചില സമയത്ത് കൂടില്ല. അതാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്ത് ചെയ്താലും തിരഞ്ഞെടുപ്പിൽ ജയിക്കാൻ പോകുന്നില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടൊരു സംവാദത്തിലേർപ്പെടാനുള്ള സ്ഥലവും തീയതിയും അദ്ദേഹം അറിയിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ അദ്ദേഹം അത് സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയുള്ളതാക്കി മാറ്റി. അങ്ങനെ സംവാദം നടത്തുന്നതിന് കുഴപ്പമില്ല. പക്ഷേ ചില നുണകൾ അദ്ദേഹം പറയുമ്പോൾ ഞാൻ അതിന് മറുപടി പറയും, പിന്നീട് അതിനെക്കുറിച്ച് പരാമർശമുണ്ടാവില്ല. നാല്ലക്ഷത്തിനാൽപ്പത്തിമൂന്നായിരം പേർക്ക് ഉമ്മൻ ചാണ്ടിയുടെ കാലത്ത് വീട് വെച്ചുകൊടുത്തു എന്ന് ഞാൻ തെളിയിച്ചപ്പോൾ അതിന് മുൻപ് പറഞ്ഞത് നാലായിരം വീടേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. ഞാനത് മന്ത്രിസഭാംഗങ്ങൾ പറഞ്ഞ രേഖ വെച്ച് അല്ലാന്ന് തെളിയിച്ചു. പിന്നീട് അതിനെ കുറിച്ച് പരാമർശമില്ല.വയനാട്ടിലെ കണക്ക് പണി പൂർത്തിയാകുമ്പോൾ അവതരിപ്പിക്കുമെന്നും അത് പൊതുജനത്തോടാണ് പറയേണ്ടത്, സിപിഎമ്മിനോടല്ലെന്നും സതീശൻ പറഞ്ഞു. ഞങ്ങളോട് കണക്ക് ചോദിക്കും മുൻപ് പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് എവിടെ മുക്കിയെന്ന് അന്വേഷിക്കണം. അഭിമന്യുവിന്റെ പേരിൽ പിരിച്ച പണം എവിടെ മുക്കിയെന്ന് അന്വേഷിക്കണം. രക്തസാക്ഷി ഫണ്ട് മുക്കിയത് അന്വേഷിച്ചതിന് ശേഷമാണ് തങ്ങളോട് കണക്ക് ചോദിക്കേണ്ടതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.




