കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസലിംഗ് നൽകാമെന്ന് മൃഗ സ്നേഹികൾക്ക് സുപ്രീം കോടതിയുടെ പരിഹാസം
January 7 | 06:03 PM
ന്യുഡൽഹി: തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ നായകള്‍ക്ക് കൌണ്സിലിംഗ് നൽകാമെന്നും അതുമാത്രമാണ് ഇനി ബാക്കിയെന്നുമാണ് സുപ്രീം കോടതിയുടെ വാദത്തിനിടെയുള്ള പരിഹാസം. നിയമങ്ങൾ കർശനമായി പാലിക്കുന്നതിൽ അധികൃതർക്ക് വീഴ്ച്ചയുണ്ടാകുന്നുവെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. രാജ്യത്തെ തെരുവുനായ പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ ഉതകുന്ന ഉത്തരവ് ഉണ്ടാകുമെന്ന സൂചന കോടതി വാദത്തിനിടെ ഇന്ന് നൽകി. തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി മുന്നംഗ ബെഞ്ചിൽ വാദം തുടരുന്നത്. നേരത്തെ പുറത്തിറക്കിയ ഇടക്കാല ഉത്തരവ് പ്രകാരം നടപ്പിലാക്കിയ വിഷയങ്ങൾ കേരളം അടക്കം സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ ധരിപ്പിച്ചു.
അതേസമയം രാജ്യത്തെ നായകളുടെ എണ്ണത്തിൽ കൃത്യമായ കണക്കില്ലെന്നും ജനങ്ങളെ ബോധവൽക്കരിച്ചാൽ തെരുവ് നായ ആക്രമണം തടയാമെന്നും മൃഗസ്നേഹികളുടെ സംഘടനകൾ സുപ്രീംകോടതിയിൽ വാദിച്ചു. ഇവർക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിക്കുന്നതിനിടെയാണ് കടിക്കാതിരിക്കാൻ നായകള്‍ക്ക് കൌണ്സിലിംഗ് നൽകാമെന്നും അതുമാത്രമാണ് ഇനി പോംവഴിയെന്നും സുപ്രീം കോടതി പരാമർശം നടത്തിയത്. തെരുവുനായകളുടെ പെരുമാറ്റം മുൻകൂട്ടി വായിച്ചെടുക്കാൻ പറ്റാത്തതിനാൽ സ്കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സ്ഥലങ്ങളിൽ അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിർക്കുന്നതെന്ന് കോടതി ചോദിച്ചു.