രാജ്യത്ത് ഇന്റർനെറ്റ് സ്ഥിരമായി വിച്ഛേദിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
January 17 | 04:04 PM
ലണ്ടൻ: രാജ്യത്ത് ഇന്റർനെറ്റ് സ്ഥിരമായി വിച്ഛേദിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇനി മുതൽ ഭരണകൂടം അംഗീകരിച്ചവർക്ക് മാത്രം ഇന്റർനെറ്റ് അനുവദിക്കുമെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇന്റർനെറ്റ് 'സർക്കാർ പദവി' ആക്കി മാറ്റാനുള്ള രഹസ്യ പദ്ധതി നടക്കുന്നുവെന്നാണ് ഇറാനിലെ ഇന്റർനെറ്റ് സെൻസർഷിപ്പ് നിരീക്ഷിക്കുന്ന ഫിൽട്ടർവാച്ച് എന്ന സംഘടന പറയുന്നത്. രാജ്യത്തിനകത്തുള്ള ഒന്നിലധികം ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. 2026-ന് ശേഷം നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ് പ്രവേശനം പുനഃസ്ഥാപിക്കില്ലെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദ്ദിഷ്ട സംവിധാനത്തിന് കീഴിൽ സുരക്ഷാ ക്ലിയറൻസ് നേടുന്നവർക്ക് അല്ലെങ്കിൽ സർക്കാർ പരിശോധന പാസായ ഇറാനികൾക്ക് മാത്രമേ ആഗോള ഇന്റർനെറ്റിന്റെ പരിമിതമായ പതിപ്പിലേക്ക് പ്രവേശനം ലഭിക്കൂവെന്ന് ഫിൽട്ടർവാച്ച് മേധാവി ആമിർ റാഷിദി പറഞ്ഞു. ഇന്റർനെറ്റ് നിരോധനം രാജ്യത്തുനിന്നുള്ള വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുകയും ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും കഠിനവുമായ ഇന്റർനെറ്റ് ഷട്ട്ഡൗണുകളിൽ ഒന്നായി മാറുകയും ചെയ്തിട്ടുണ്ട്. 2011 ലെ ഈജിപ്തിലെ തഹ്രീർ സ്ക്വയർ പ്രക്ഷോഭകാലത്തെ ഷട്ട്ഡൗണിനെയും ഇത് മറികടന്നു. ഇറാനിയൻ അധികാരികൾ നിലവിലെ കണക്റ്റിവിറ്റിയിൽ സംതൃപ്തരാണെന്നും ഷട്ട്ഡൗൺ നിയന്ത്രണം വീണ്ടെടുക്കാൻ അവരെ സഹായിച്ചുവെന്ന് വിശ്വസിക്കുന്നതായും റാഷിദി പറഞ്ഞു. രാജ്യത്തിന്റെ ഇന്റർനെറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിയന്ത്രണം ശക്തമാക്കാൻ 16 വർഷമായി ഇറാനിയൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ പരിണിതഫലമാണ് നിലവിലെ നിരോധനം.