വെള്ളാപ്പള്ളി നടേശനെnയും ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കി ഹൈക്കോടതി.നടപടി റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്
March 12 | 05:10 PM
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കി ഹൈക്കോടതി. കമ്പനി നിയമ പ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ 9 വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി. താൽകാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണം നടത്താൻ സർക്കാറിന് കോടതി നിർദ്ദേശം നൽകി. കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത എസ്എൻഡിപി യോഗം 2014 ന് ശേഷം വാർഷിക കണക്കുകൾ നൽകിയില്ലെന്നും നിയമ ലംഘനം നടത്തിയ ഡയറക്ടർമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. വാർഷിക റിട്ടേൺ ഫയൽ ചെയ്യാനുള്ള കാലതാമസം ചൂണ്ടികാട്ടി സർക്കാറിന് നൽകിയ മാപ്പപേക്ഷ അംഗീകരിച്ചെന്നും പിഴയൊടുക്കിയെന്നുമായിരുന്നു എസ്എൻഡിപി യോഗം ഭാരവാഹികളുടെ വാദം. എന്നാൽ പിഴ ഈടാക്കി മാപ്പ് അനുവദിച്ചത് കമ്പനിക്ക് മാത്രമാണെന്നും വ്യക്തികൾക്ക് ബാധകമല്ലെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീൽ പോകാനാണ് നിലവിലെ ഭരണസമിതി അംഗങ്ങളുടെ തീരുമാനം