എക്സ്ട്രാ ടൈമിൽ ഒരു ഗോൾ നേടി സർവീസസ് കേരളത്തെ തോൽപ്പിച്ചു
February 8 | 05:05 PM
ധാക്കുവാഖാന: സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി (0-1). എക്സ്ട്രാ ടൈമിൽ നേടിയ ഒരു ഗോൾ നേടിയ സർവീസസ് കിരീടമണിഞ്ഞു. 109- മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. സർവീസസിന്റെ എട്ടാം കിരീടമാണിത്. 2024-ൽ കിരീടം നേടുകയും കഴിഞ്ഞവർഷം സെമിയിൽ കടക്കുകയുംചെയ്ത സർവീസസ് ഇത്തവണയും ആ മികവ് തുടർന്നു. തുടർച്ചയായ രണ്ടാംവട്ടമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ തോൽക്കുന്നത്. കളം നിറഞ്ഞു കളിച്ചിട്ടും അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ പോയത് കേരളത്തിന് തിരിച്ചടിയായി. തുടക്കംതൊട്ട് കളത്തിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും കേരളത്തിന്റെ ആധിപത്യമായിരുന്നു. കേരളത്തിന്റെ മുന്നേറ്റങ്ങളെ നന്നായി പ്രതിരോധിച്ച സർവീസസിന്റെ പ്രതിരോധ നിരയും മികവ് പുലർത്തി. സർവീസസിന്റെ ഗോൾകീപ്പർ ഗഗൻദീപിന്റെ മികച്ച സേവുകളാണ് പലപ്പോഴും കേരളത്തിന് വിലങ്ങുതടിയായത്. മുന്നേറ്റത്തിൽ അർജുൻ, അജ്സൽ കോമ്പിനേഷൻ സർവീസസിന് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. 27-ാം മിനിറ്റിൽഅർജുന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് കേരളത്തിന് നിരാശയായി. പിന്നാലെ ഷിജിനെടുത്ത കിക്കും വലയിലെത്താതെ പോയി. താരത്തിന്റെ ഗോളെന്നുറച്ച ഹെഡർ ബോക്സിന് പുറത്തേക്ക് പോകുകയായിരുന്നു. ആദ്യ ഇലവനിൽ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയ്. എം. വിഘ്നേഷിന് പകരം ടി. ഷിജിൻ പ്ലേയിങ് ഇലവനിലെത്തി. 57-ാം മിനിറ്റിൽ പരിക്കേറ്റ ഷിജിന് പകരം കേരളത്തിന് വിഘ്നേഷിനെ കളത്തിലിറക്കേണ്ടി വന്നു. 85-ാം മിനിറ്റിൽ വിഖ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ടും ഗഗൻദീപ് രക്ഷപ്പെടുത്തി. ഒടുവിൽ 109-ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്നുവന്ന ഒരു ക്രോസ് കേരള ഗോൾകീപ്പർ തട്ടിയകറ്റിയതും പക്ഷെ പന്ത് അഭിഷേകിന്റെ മുന്നിൽ ലഭിച്ചതും അത് കൃത്യമായി വലയിലെത്തിച്ച് സർവീസസിന് കിരീടത്തിൽ മുത്തമിടാനൊരു അവസരമൊരുക്കി.




