എൽഡിഎഫ് വിടുക എന്നത് പാർട്ടിയുടെ അജണ്ടയിലില്ലെന്ന് എംവി ശ്രേയാംസ് കുമാർ, ആവശ്യങ്ങൾ മുന്നണിയിൽ ശക്തമായി ഉന്നയിക്കും
February 9 | 05:36 PM
കോഴിക്കോട്: ഇടതുമുന്നണിയിൽ ആർജെഡി നേരിടുന്ന കടുത്ത അവഗണനയെക്കുറിച്ച് പരസ്യമായി പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ. എൽഡിഎഫ് വിടുക എന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രവർത്തകർ പലയിടത്തും ആർജെഡി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ വോട്ട് മറിച്ചുകുത്തി. എൽഡിഎഫ് നേതാക്കൾ പലയിടത്തും വിമതരെയും സ്വതന്ത്രരെയും പിന്തുണച്ചപ്പോൾ ആർജെഡി കൃത്യമായ മുന്നണി മര്യാദ കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവും അമിത ആത്മവിശ്വാസവും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെങ്കിലും, പ്രധാന പ്രശ്നം അച്ചടക്കമില്ലായ്മയാണെന്ന് ആര്‍ജെഡി ചൂണ്ടിക്കാട്ടി. അർഹമായ പരിഗണന പാർട്ടിക്ക് ലഭിക്കുന്നില്ല. പാർട്ടിയുടെ ആവശ്യങ്ങൾ മുന്നണിയിൽ ശക്തമായി ഉന്നയിക്കാനാണ് ആർജെഡി തീരുമാനം. തിരുവിതാംകൂർ, കൊച്ചി മേഖലകളിൽ കൂടുതൽ സീറ്റുകൾക്ക് ആർജെഡിക്ക് അർഹതയുണ്ട്. ഇടതുമുന്നണിയിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും എന്നാൽ ആർജെഡി നിലവിൽ അനീതി നേരിടുകയാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.