ഹൈക്കമാൻഡ് വഴങ്ങി കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കും, വൻ സ്വീകരണം ഒരുക്കാൻ അനുയായികൾ, നാളെ റോഡ് ഷോ
March 19 | 12:55 PM
കണ്ണൂർ: കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും. ദിവസങ്ങൾ നീണ്ടുനിന്ന നാടകീയതകൾക്കൊടുവിലാണ് സുധാകരന് കണ്ണൂർ സീറ്റ് നൽകുന്നത്. കടുത്ത അതൃപ്തിയിൽ തുടരുകയായിരുന്ന സുധാകരൻ അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങിയിരുന്നില്ല. ഒടുവിൽ കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. എകെ ആൻ്റണിയുടെയും രമേശ് ചെന്നിത്തലയുടെയും ഇടപെടലിനൊടുവിലാണ് സുധാകരന് കണ്ണൂർ സീറ്റ് നൽകുന്നതിൽ തീരുമാനമായത്. സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആൻ്റണി രംഗത്തെത്തി. രണ്ടു ദിവസം മുമ്പാണ് സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തിയിൽ ചർച്ചയ്ക്കായി സുധാകരൻ ദില്ലിയിലെത്തിയത്. മണിക്കൂറുകൾ നീണ്ട മാരത്തണ്‍ ചർച്ചയിലും എംപി മാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. അതേസമയം കെ സുധാകരന് വൻ സ്വീകരണം ഒരുക്കാൻ അനുയായികൾ തയ്യാറെടുക്കുകയാണ്. ഡൽഹിയിൽ നിന്ന് നാളെ കണ്ണൂരിൽ എത്തുന്ന സുധാകരന് വമ്പൻ സ്വീകരണമാണ് ഒരുക്കുന്നത്. എയർപോർട്ട് മുതൽ റോഡ് ഷോ ആയി സ്വീകരിക്കാനാണ് ആലോചന.