തടവുശിക്ഷ വിധിച്ചതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടി മത്സരിക്കാൻ കഴിയില്ല
January 3 | 06:13 PM
തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ കോടതി ആന്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്.1951-ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, രണ്ട് വർഷത്തിന് മുകളിൽ തടവുശിക്ഷ ലഭിച്ച ഒരു ജനപ്രതിനിധിക്ക് ഉടനടി തന്റെ അംഗത്വം നഷ്ടമാകും. ആന്റണി രാജുവിന്റെ കാര്യത്തിൽ ഈ നിയമം വലിയ തിരിച്ചടിയാണ് നൽകുന്നത്. നിലവിലെ എംഎൽഎ സ്ഥാനം നഷ്ടമാകുന്നതിനോടൊപ്പം അടുത്ത ആറ് വർഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കില്ല. നിലവിൽ എംഎൽഎ സ്ഥാനം തെറിച്ചതിനോടൊപ്പം ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മത്സരിക്കാനും കഴിയില്ല. അപ്പീലിൽ ഹൈക്കോടതിയുടെ വിധിയാകും ഇനി നിർണായകം. നിയമസഭാ സെക്രട്ടേറിയറ്റ് ഉടൻ അയോഗ്യത കൽപ്പിച്ചേക്കും.1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നുമായി പിടിയിലായ ഒരു ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടിയാണ് ആന്റണി രാജു ഗൂഢാലോചന നടത്തിയത്. ഐപിസി 120 ബി, 201, 193, 409, 34 എന്നീ ഗൗരവകരമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്. അന്ന് അഭിഭാഷകനായിരുന്ന അദ്ദേഹം, കേസിലെ പ്രധാന തൊണ്ടിമുതലായ പ്രതിയുടെ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടി അത് മാറ്റിയെന്നാണ് കണ്ടെത്തൽ. അടിവസ്ത്രത്തിന്റെ അളവിൽ വന്ന വ്യത്യാസം കാരണം പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. കോടതി ജീവനക്കാരനായ ജോസുമായി ചേർന്ന് ആന്റണി രാജു നടത്തിയ ഈ ഗൂഢാലോചന ഹൈക്കോടതിയിലെ കേസിനെ പ്രതിക്ക് അനുകൂലമാക്കി മാറ്റി.