ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് വി.ഡി സതീശൻ
February 15 | 04:24 PM
കൊച്ചി: ഒന്നാം പിണറായി സർക്കാരിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തുവരികയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വാധികാരത്തോടെ പ്രവർത്തിച്ച ആളാണ് കോഴക്കേസിൽ അറസ്റ്റിലായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ട് മുഖ്യമന്ത്രിയും സർക്കാരും സിബിഐ അന്വേഷണത്തെ ഭയക്കുന്നു? പിണറായി വിജയൻ മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. മുഖ്യമന്ത്രി പിണറായി വിജയനും ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർത്ത് സുപ്രീംകോടതിയിൽ പോയതെന്നും അദ്ദേഹം ചോദിച്ചു.
ലൈഫ് മിഷൻ കോഴ കേസില്‍ എം ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കർ പ്രതിയായത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇ.ഡി കണ്ടെത്തിയത്.