മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നാടകീയത, സിപിഎം മുഖ പത്രത്തിന്റെയും ചാനലിന്റെയും മാധ്യമ പ്രവർത്തകർക്ക് മാത്രം മറുപടി
March 30 | 04:49 PM
കൊല്ലം: വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിന്റെ മുഖപത്രത്തിന്റെയും ചാനലിന്റെയും മാധ്യമ മാധ്യമപ്രവർത്തകർക്കു മാത്രം മറുപടി നൽകിയതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ നീരസം പ്രകടിപ്പിച്ചു. കൈരളിയുടെയും ദേശാഭിമാനിയുടെയും മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിനു മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകിയത് ഇത് മോശമാണെന്നായിരുന്നു വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ പറഞ്ഞത്. പിന്നെ എന്തിനാണ് വാർത്താസമ്മേളനമെന്ന് പറഞ്ഞു വിളിച്ച് കൂട്ടിയതെന്നും മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. ഇതൊരു സ്ഥിരം ശൈലിയാണെന്നും പറഞ്ഞു. ഇതോടെ എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തി. ചോദ്യം മനസ്സിലുണ്ടായാൽ പോരാ, ചോദ്യം ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇവിടെ ചിലർക്ക് ചില ഉദ്ദേശ്യങ്ങളുണ്ട്. അതാണിപ്പോൾ പ്രകടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ. നിങ്ങൾ എല്ലാവരും ചോദിച്ചു. ഏത് മാധ്യമപ്രവർത്തകരാണെന്ന് ഞാൻ ചോദിച്ചില്ല. മറുപടി വിശദമായി പറഞ്ഞു. നിങ്ങളിൽ ചിലരുടെ മനസ്സിൽ ചോദ്യങ്ങളുണ്ടാകും. അതു ചോദിച്ചാലല്ലേ ഉത്തരം പറയാൻ പറ്റൂ. പത്രസമ്മേളനത്തിൽ എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞതുകൊണ്ടാണ് അവസാനിപ്പിക്കുന്നത് എന്ന് പറഞ്ഞു മുഖ്യമന്ത്രി നടന്നു നീങ്ങി.