പി.എഫ്.ഐ ജപ്തി: വസ്തുവകകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം
January 24 | 07:44 PM
കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിലെ നാശനഷ്ടവുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത വസ്തുവകകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സ്വത്ത് കണ്ട് കെട്ടിയവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വിശദമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വസ്തു വകകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. ഇതിനിടെ പി.എഫ്.ഐയുമായി ബന്ധമില്ലാഞ്ഞിട്ടും അന്യായമായി വസ്തുവകകൾ ജപ്തി ചെയ്തെന്നാരോപിച്ച് മലപ്പുറം സ്വദേശി കക്ഷി ചേരൽ അപേക്ഷ നൽകി. പി.എഫ്.ഐയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. പി.എഫ്.ഐ ആശയങ്ങൾ എതിർക്കുന്ന ആളാണ് താൻ. പോപ്പുലർ ഫ്രണ്ട്സ് പ്രവർത്തകനാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ തന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയെന്നും അപേക്ഷയിൽ പറയുന്നു. കക്ഷി ചേരൽ അപേക്ഷയടക്കം ഹൈക്കേടതി ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും.