ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്; പ്രതിപക്ഷ ഐക്യത്തിനായി ഖാർഗെ
April 8 | 01:11 PM
ന്യൂഡൽഹി: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കുന്നു. സംയുക്ത പ്രതിപക്ഷ യോഗം ചേരുന്നതിനുള്ള സാധ്യതകൾ തേടി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉന്നത നേതാക്കളുമായി ഫോൺ വഴി ബന്ധുപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഫോൺ കോളുകളുടെ അജണ്ടയെപ്പറ്റി കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിന്റെ സാധ്യത ചർച്ച ചെയ്യുന്നതിനുള്ള ആദ്യപടിയായാണ് ഇതിനെ കണക്കാക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം കെ സ്റ്റാലിനുമായി മല്ലികാർജുൻ ഖാർഗെ ഫോണിൽ ബന്ധപ്പെടുകയും യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുമായും ഖാർഗെ ബന്ധപ്പെട്ടതായി വിവരമുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തുടങ്ങിയവരുമായി ചർച്ച നടത്തിയോ എന്നത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ ഒക്കെറ്റക്കെട്ടായി പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ സുപ്രധാന നീക്കം.