ജി സുധാകരന്റെ പേര് പറയാതെ മുഖ്യമന്ത്രി, അവസരവാദി ചെളി കുഴിയിലേക്ക് വീഴും നാട് വഞ്ചിച്ചവരുടെ ഒപ്പമല്ല
April 1 | 06:48 PM
ആലപ്പുഴ: അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരന്റെ പേര് പറയാതെ അവസരവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു. അവസരവാദക്കാരൻ ചരിത്രത്തിന്റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി പറഞ്ഞു. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് പല നീക്കങ്ങൾ നടത്തി. അവസരവാദ നിലപാട് അമ്പലപ്പുഴയിൽ ഇറക്കി. വഞ്ചന കാണിച്ചവരെ അമ്പലപ്പുഴ എന്ന വിപ്ലവത്തിന്റെ നാട് ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. എല്ലാ പ്രതിസന്ധിയിലും അമ്പലപ്പുഴയിലുള്ളവർ ഒന്നിച്ചു നിൽക്കും. ഈ നാടിനു വേണ്ടി അർപ്പണ ബോധത്തോടെ കരുത്ത് കാണിച്ചവർ വഞ്ചിച്ച ആളുടെ ഒപ്പം പോകില്ല. ഇടതു പക്ഷം വലിയ ആത്മവിശ്വാസത്തിലാണെന്നും യാതൊരു അങ്കലാപ്പുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.