രാജ്യത്ത് വാണിജ്യ എൽപിജി ക്ഷാമം അതിരൂക്ഷം,പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ നടപടികൾ തുടങ്ങി
March 13 | 06:05 PM
ന്യു ഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി ക്ഷാമം അതിരൂക്ഷം. എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറവ് രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടി. വിഷയത്തില്‍ പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. അടിയന്തരമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു. മോദിജീ എൽപിജി എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പാർലമെന്റിന് മുന്നിൽ സിലിണ്ടർ ചിത്രങ്ങളുമായും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. സാഹചര്യം വിശദീകരിക്കാൻ നാല് മണിക്ക് കേന്ദ്രം വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
അതേസമയം, എൽപിജി സിലണ്ടറുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ വിവിധ സംസ്ഥാനങ്ങൾ നടപടികൾ തുടങ്ങി. മഹാരാഷ്ട്രയും യുപിയും കൺട്രോൾ റൂമുകൾ തുറന്നു. ദില്ലിയിലെ സ്ഥിതി കേന്ദ്രം നേരിട്ട് വിലയിരുത്തും. യുപിയിൽ ഇതുവരെ പിടികൂടിയത് 200ലധികം സിലിണ്ടറുകളാണ്. എൽപിജിക്കു പകരം മറ്റ് ഇന്ധനങ്ങൾ കൂടി ഉപയോഗിക്കാൻ ഹോട്ടൽ, റെസ്റ്റോറൻ്റ് മേഖലയ്ക്ക് സർക്കാർ നിർദ്ദേശം നൽകി.