കൂറുമാറാൻ പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് ഇ.യു. ജാഫർ. താനും അവരും തമ്മിൽ യാതൊരു ഡീലുമില്ല
January 2 | 04:22 PM
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറാൻ അൻപതുലക്ഷംരൂപ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് ഇ.യു. ജാഫർ. ഒരു രൂപ പോലും താൻ വാങ്ങിച്ചിട്ടില്ല. വടക്കാഞ്ചേരി ബ്ലോക്ക് വരവൂർ ഡിവിഷനിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയായി ജയിച്ച ലീഗ് സ്വതന്ത്രനായിരുന്നു ജാഫർ. കോൺഗ്രസ് വരാവൂർ മണ്ഡലം പ്രസിഡന്റുമായി ജാഫർ സംസാരിക്കുന്ന ഓഡിയോ പുറത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. യുഡിഎഫിനൊപ്പം നിന്നാൽ നറുക്കെടുപ്പിലൂടെ ഭരണം പിടിക്കും, തനിക്ക് ഒന്നും കിട്ടില്ല. എൽഡിഎഫിനൊപ്പം നിന്നാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമോ അല്ലെങ്കിൽ 50 ലക്ഷമോ ലഭിക്കുമെന്നാണ് ഫോണിൽ കൂടി ജാഫർ പറയുന്നത്. മണ്ഡലം പ്രസിഡന്റ് മുസ്തഫയോടാണ് ലീഗ് സ്വതന്ത്രനായി മത്സരിച്ച ജാഫർ ഫോണിൽ കൂടി സംസാരിച്ചത്. താൻ പണം വാങ്ങുന്ന ആളാണെങ്കിൽ തനിക്ക് അത് വിളിച്ചു പറയേണ്ട കാര്യമില്ലല്ലോയെന്നും ജാഫർ പറഞ്ഞു. കാശ് വാങ്ങിയ ആളാണെങ്കിൽ മറ്റൊരാളോട് വിളിച്ചു പറഞ്ഞാൽ അത് റെക്കോഡ് ചെയ്യുമെന്നൊക്കെ അറിയാവുന്നതല്ലേ. എൽഡിഎഫിന്റെ ആരും തന്നെ വന്ന് കണ്ടിട്ടില്ലെന്നും ജാഫർ കൂട്ടിച്ചേർത്തു.പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തിയത് ഒരു പ്രേരണയുടെയും പുറത്തല്ല. തന്റെ നാട്ടിൽ സിപിഎമ്മിനെ ഏറ്റവും കൂടുതൽ എതിർക്കുന്നയാൾ താനാണ്, ഇപ്പോഴും. താനും അവരും തമ്മിൽ യാതൊരു ഡീലുമില്ല. മനസ്സുകൊണ്ട് പോലും എൽഡിഎഫിനെ പിന്തുണയ്ക്കാത്ത ആളാണ്. കെ.പി. നഫീസയുമായി മാനസികമായി നല്ല സുഖത്തിലല്ല. വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഏത് അന്വേഷണത്തിനും നുണ പരിശോധനയ്ക്കും തയ്യാറാണ്.സിപിഎം സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തിയത് തന്റെ ഭാഗത്തുനിന്നു വന്ന ഒരു പിഴവാണ്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഏഴ് സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. തുടർന്ന് ലീഗ് സ്വതന്ത്രനായ ജാഫറിനെ ചാക്കിട്ടുപിടിച്ച് എൽഡിഎഫ് ഭരണം നേടാനുള്ള ശ്രമം നടത്തിയെന്നാണ് ആരോപണം ഉയർന്നത്.