രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി
January 13 | 03:39 PM
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. തിരുവല്ല ജെഫ് സിഎം കോടതിയുടേതാണ് നടപടി. 7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിംഗ് വഴിയാണ്. പൊളിറ്റിക്കലി മോട്ടിവേറ്റഡ് കേസ് എന്നാണ് പ്രതിഭാഗം ആവര്‍ത്തിച്ചു വാദിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാൻ ശ്രമമാണെന്നുമായിരുന്നു രാഹുലിന്റെ മറ്റൊരു വാദം. അറസ്റ്റ് ചെയ്തപ്പോൾ തന്നെ അത്യാവശ്യ സമയം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. ചാടിക്കേറി അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ഒരു കേസിൽ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്, ഒരു കേസിൽ മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാമത് ഒരു കേസ് വരുന്നതെന്നും പ്രതിഭാഗം വാദത്തിൽ ചൂണ്ടിക്കാട്ടി.