സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്കായി ഇറാനോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ്
March 10 | 04:49 PM
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്കായി ഇറാനോട് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ് എർദോഗൻ. ആവശ്യത്തോട് ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതേസമയം റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നാണ് നാറ്റോ സഖ്യകക്ഷിയും മേഖലയിലെ പ്രധാന രാജ്യവുമായ തുർക്കിയുടെ ആവശ്യം. ഇറാന്റെ അഭ്യർത്ഥനയിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് തുർക്കി ആവശ്യം ഉന്നയിച്ചത്. തുർക്കിയെ ആക്രമിച്ച ആയുധം തങ്ങളുടേതല്ലെന്ന് ഇറാൻ നിലപാട് വ്യക്തമാക്കി.
സംഘർഷം ആഗോളതലത്തിൽ ബാധിച്ചതോടെ യൂറോപ്യൻ യൂണിയൻ വിളിച്ചു ചേർത്ത ചർച്ചയിൽ ജിസിസി രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, അർമേനിയ, അസർബൈജാൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ലെബനൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളും പങ്കെടുത്തു. ഇതിനിടെയും ആക്രമണം തുടർന്ന ഇറാൻ ബഹറൈനിലും സൗദിയിലും ഇത് ശക്തമാക്കി. ബഹറൈനിൽ 29കാരി കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്കേറ്റു.