മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ
March 21 | 11:53 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുകളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. തീപിടുത്തത്തിന് ശേഷമാണ് സനേഷിന്റെ നില വഷളായത് എന്നാണ് ബന്ധുകളുടെ പരാതി. ഓയൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധു ആരോപിക്കുന്നു. അതേസമയം, ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തി. മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. രോഗികളെ എല്ലാം കൃത്യമായാണ് മറ്റ് ഐസിയുവിലേക്ക് മാറ്റി പ്രവേശിപ്പിച്ചതെന്നും തീപിടുത്തം മരണ കാരണമായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചത്. മരണങ്ങൾക്ക് തീപിടുത്തവുമായി ബന്ധമില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വാദംa.