രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യം തേടി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി
January 19 | 03:26 PM
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യം തേടി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. ഹർജി കോടതി നാളെ പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യം നിഷേധിച്ചിരുന്നു. രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയായിരുന്നു ജാമ്യം നിഷേധിച്ചത്. പൊലീസ് റിപ്പോർട്ട് വന്നശേഷമായിരിക്കും ജില്ലാ കോടതിയിൽ ജാമ്യ അപേക്ഷയിൽ വിശദമായ വാദം നടക്കുക. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നതടക്കമുള്ള പരാമർശങ്ങളോടെയായിരുന്നു തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗീകബന്ധം, അറസ്റ്റ് ചട്ടവിരുദ്ധം തുടങ്ങിയ വാദങ്ങളാണ് പ്രധാനമായും രാഹുലിന്റെ അഭിഭാഷകർ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലെ ജാമ്യഹർജിയിലെ വാദത്തിനിടെ ഉന്നയിച്ചിരുന്നത്. എന്നാൽ, പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ച കോടതി ബലാത്സംഗ കുറ്റം നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. മറ്റ് രണ്ട് കേസുകളുടെ സമാനസ്വഭാവവും രാഹുലിന് കുരുക്കായി.