ബംഗ്ലാദേശിൽ അക്രമികൾ കുത്തിപരിക്കേൽപ്പിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
January 3 | 04:31 PM
ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ ഖോകൻ ചന്ദ്ര ദാസ് എന്ന യുവാവ് ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഡിസംബർ 31 ന് കടയടച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ആക്രമണമുണ്ടായത്. അക്രമികൾ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സമീപവാസികൾ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഞങ്ങൾക്ക് ഒരു വിഷയത്തിലും ആരുമായും തർക്കങ്ങളില്ല. എന്റെ ഭർത്താവിനെ എന്തുകൊണ്ടാണ് അപ്രതീക്ഷിതമായി ലക്ഷ്യമിട്ടതെന്ന് ഞങ്ങൾക്കറിയില്ല,' ഖോകൻ ദാസിന്റെ ഭാര്യ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം ദീപു ചന്ദ്ര ദാസ് എന്ന യുവാവ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായിരുന്നു. മൈമെൻസിങ്ങിലെ ഭലൂകയിൽ തുണി നിർമാണശാല ജീവനക്കാരനായിരുന്നു ഇയാൾ. മതനിന്ദ ആരോപിച്ചാണ് ഫാക്ടറിക്ക് പുറത്ത് വെച്ച് ആൾക്കൂട്ടം യുവാവിനെ അടിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി തീകൊളുത്തുകയും ചെയ്തത്. ബംഗ്ലാദേശ് വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങൾക്കിടെയാണ് ദീപു കൊല്ലപ്പെട്ടത്. രാജ്ബരി ജില്ലയിൽ മറ്റൊരു യുവാവും ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായി. അമൃത് മൊണ്ടൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് സുരക്ഷാ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്ന് ശക്തമായ ആരോപണം നിലവിൽ സർക്കാരിനെതിരെ ഉയരുന്നുണ്ട്.