കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു, മന്ത്രിയുടെ അഭിനയമെന്ന് കെ എസ് യു
February 25 | 06:22 PM
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവമെന്നു മന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. ആരോഗ്യമന്ത്രിയെ ആക്രമിച്ചത് അപലപനീയമെന്ന് സ്പീക്കര്‍ ഷംസീര്‍ പ്രതികരിച്ചു. സമരക്കാരെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും സ്പീക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം മന്ത്രിയെ ആക്രമിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും കെ എസ് യു പ്രതികരിച്ചു. കേവലം അഭിനയം മാത്രമാണ് മന്ത്രിയുടേത്. ആക്രമിക്കുന്ന ഒരു ദൃശ്യം പോലും ഇല്ലെന്നും പ്രതിപക്ഷം തിരിച്ചടിച്ചു.