സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല: കെ-റെയില്‍
November 21 | 06:09 PM
തിരുവനന്തപുരം: കാസർകോട് തിരുവനന്തപുരം അർധ അതിവേഗ റെയിൽവേ പദ്ധതി (സിൽവർലൈൻ) ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കെ റെയിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ അമ്പതു വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്കരിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും. അന്തിമാനുമതിക്കു മുന്നോടിയായി, ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ കോര്പറേഷന് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതിഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ക്ക് പൂര്‍ത്തിയാക്കി വരികയാണ്.
സില്‍വര്‍ലൈന്‍ അലൈന്മെന്റില് വരുന്ന റെയില്‍വേ ഭൂമിയുടേയും നിലിവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടേയും റെയില്‍വേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്.