ആലിൻ ഷെറിന്റെ കരൾ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്. ശസ്ത്രക്രിയ വിജയകരം ആരോഗ്യനില തൃപ്തികരം
February 14 | 05:23 PM
തിരുവനന്തപുരം: ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന് തിരുവനന്തപുരം കിംസ് ഹെൽത്തിൽ അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഒൻപത് മാസം പ്രായമുള്ള മസ്തിഷ്കമരണം സ്ഥിരീകരിച്ച ദാതാവായ ആലിന്റെ കരളാണ് മാറ്റിവെച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നാണ് അവയവം ലഭ്യമായത്. പ്രൈമറി ബിലിയറി അത്രേസിയ മൂലമുള്ള ഗുരുതര രോഗം കാരണം കുട്ടിയുടെ കരളിന്റെ പ്രവർത്തനം തകരാറിൽ ആയിരിന്നു. മൂന്ന് മാസം പ്രായമുള്ളപ്പോൾ മറ്റൊരു ആശുപത്രിയിൽ കാസായ് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ പിന്നീട് കരൾ പ്രവർത്തനം ക്രമേണ മോശമാകുകയും ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവെക്കൽ നിർദ്ദേശിക്കപ്പെടുക ആയിരുന്നു. ഫെബ്രുവരി 13-ന് രാത്രി 10:30-ന് ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് രാവിലെ 6:00-ന് വിജയകരമായി പൂർത്തിയാക്കി. കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണപ്പെടുന്നുണ്ട്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന് ഷെറിനും കരൾ സ്വീകരിക്കുന്ന കുഞ്ഞും ഇതോടെ ചരിത്രത്തിന്റെ ഭാഗമായി. 10 മാസമുള്ള ഏക മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ആലിൻ ഷെറിൻ എബ്രഹാം ഇനി 4 പേരിലൂടെയാണ് ജീവിക്കുക.