സൈബറാക്രമണത്തിൽ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി കോൺഗ്രസ് രംഗത്ത്.
March 8 | 04:50 PM
കൊച്ചി: സൈബറാക്രമണത്തിൽ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി കോൺഗ്രസ് രംഗത്ത്. മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു. മമ്മൂട്ടിയെ ആരും വയനാട് ടൗൺഷിപ്പ് കാണാൻ ക്ഷണിച്ചതല്ല. സ്വമേധയാ വന്നതാണ്. അദ്ദേഹത്തിന്റെ ഒപ്പം നിന്ന് കാര്യങ്ങൾ നിയന്ത്രിച്ചത് കൊണ്ടാണ് സി പി എം ജില്ല സെക്രട്ടറിക്ക് ശകാരം കേൾക്കേണ്ടി വന്നത്. സൈബർ ആക്രമണം അവസാനിപ്പിക്കാൻ സിപിഎം നേതൃത്വം നിർദ്ദേശം നൽകണമെന്നും ദീപ്തി മേരി വർഗീസ് ഫേസ്ബുക്ക് പോറ്റിലൂടെ ആവശ്യപെട്ടു.
പി ആറിന് വേണ്ടി സർക്കാരിന്റെ പലതും ചെയ്യുന്നതിൽ എതിർപ്പുണ്ടെന്നും എങ്കിൽ പോലും ഒരു സ്വകാര്യ സന്ദർശനത്തിൽ തന്റെ കൂടെ നടന്ന് രാഷ്ട്രീയമായി അതിനെ ചിത്രീകരിക്കാൻ ശ്രമിച്ച സിപിഎം ജില്ല സെക്രട്ടറിയോട് മാറി നിൽക്കാൻ മമ്മൂട്ടി പറഞ്ഞതിൽ എന്താണ് തെറ്റുള്ളതെന്നും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയും ഫേസ്ബുക്കിൽ കുറിച്ചു. അയാൾ അയാളുടെ വ്യക്തിപരമായ രാഷ്ട്രീയം പച്ചക്ക് പറഞ്ഞു. വയനാട്ടിലെ പണം ജനങ്ങളുടേതാണെന്ന് പറഞ്ഞു. സി.പി.എം നരേറ്റീവിന് ഒപ്പം നിൽക്കാത്തതിന്റെ പേരിൽ സൈബർ ആക്രമണം നടത്തി അങ്ങ് തീർക്കാം എന്ന് വച്ചാൽ, 'അങ്ങ് മാറി നിൽക്ക് ' എന്ന് അവരോട് പറയേണ്ടി വരുമെന്നും അബിൻ വർക്കി പറഞ്ഞു.