രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടില്ല; രമേശ് പിഷാരടി മത്സരിക്കാൻ സാധ്യത
March 2 | 04:50 PM
പാലക്കാട്: നിയമസഭ തെരഞ്ഞെടപ്പിൽ നടനും സംവിധായകനുമായ രമേഷ് പിഷാരടിയെ സ്ഥാനാര്‍ത്ഥിയാക്കാൻ സാധ്യത ഏറുന്നു. ഇത് ശരിവെക്കുന്നതാണ് കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രമേഷ് പിഷാരടിയുമുണ്ട് എന്നത്. കെ മുരളീധരൻ വട്ടിയൂർക്കാവ് ഉറപ്പിച്ചതോടെ പിഷാരടിയുടെ പേരാണ് അന്തിമപരിഗണനയിലുള്ളത്. കണ്ണൻ ഗോപിനാഥന്റെ പേരും ചർച്ചയിൽ വന്നിരുന്നു. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. ഇതോടെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് പരിഗണിക്കില്ലെന്ന് ഉറപ്പായി.
മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ചര്‍ച്ച നടത്തിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആദ്യ ഘട്ട പട്ടിക കൈമാറിയത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേയെന്നാണ് ഒടുവിലത്തെ തീരുമാനം. പാലക്കാടും, തൃപ്പൂണിത്തുറയിലും ചര്‍ച്ചകള്‍ തുടരുകയാണ്. വട്ടിയൂർക്കാവിൽ കെ മുരളീധരന്, നെയ്യാറ്റിന്‍കര എന്‍ ശക്തന്, കൊട്ടാരക്കര ഐഷ പോറ്റി, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം ബിന്ദുകൃഷ്ണ, ആറന്മുള അബിന്‍ വർക്കി, അരൂര്‍ ഷാനിമോള്‍ ഉസ്മാന്, പീരുമേട് സിറിയക് തോമസ്, കൊടുങ്ങല്ലൂല്‍ ഒജെ ജനീഷ്, മണലൂര്‍ ടി എന്‍ പ്രതാപന്, തൃത്താല വിടി ബല്‍റാം, നാദാപുരം കെ എം അഭിജിത്ത്, കൊയിലാണ്ടി പ്രവീണ്‍ കുമാര്‍ എന്നിങ്ങനെയാണ് ആദ്യ പട്ടികയിലെ മറ്റ് സാധ്യത. പ്രതിപക്ഷ നേതാവിന്റെ യാത്രക്ക് ശേഷം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി.