നാട് നീളെ വ്യഭിചരിക്കുന്ന ആളെ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചുവെന്ന് മുഖ്യമത്രി
March 24 | 04:58 PM
ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പല തരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചോദ്യം ചോദിച്ച ആള്‍ക്ക് ഇപ്പോള്‍ കാര്യം ബോധ്യപ്പെട്ടല്ലോ? നാട് നീളെ വ്യഭിചരിക്കുന്ന ആളെ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു എന്ന കടുത്ത പരാമര്‍ശവും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ ഉന്നയിച്ചു.
ചെറ്റത്തരം പരാമര്‍ശത്തില്‍, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. താൻ പലപ്പോഴും പറയുന്ന വാക്കാണെന്നും അണ്‍പാര്‍ലമെന്ററി അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ നാവ് മോശമെന്ന് ചിത്രീകരിക്കാൻ നോക്കേണ്ട. ഡീൽ ആരോപണം വിചിത്രമായ കാര്യമാണ്. മുസ്ലിം നാമധാരി ആയതാണോ, നാളെ ധര്‍മടം മണ്ഡലത്തെക്കുറിച്ചും പറയുമോ? മുഖ്യമന്ത്രി ചോദിച്ചു. നേമത്ത് നേരത്തെ എങ്ങിനെ ആണ് ബിജെപി ജയിച്ചത്? തൊട്ടടുത്ത മണ്ഡലത്തിൽ ഒരു കോൺഗ്രസ് നേതാവിന് ജയിക്കണം ആയിരുന്നു. അതല്ലേ ഡീലെന്നുംമുഖ്യമന്ത്രി ചോദിച്ചു.